Movies
ഹോളിവുഡ് നടനും ഗായകനുമായ ടൈറീസ് ഗിബ്സൺ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ആത്മീയയാത്രകളുമായി ബന്ധപ്പെട്ടാണ്. ലോകമെന്പാടും കോടിക്കണക്കിന് ആരാധകരുള്ള ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് - സിനിമാ പരമ്പരയിലെ പ്രിയ താരം ടൈറീസ് തന്റെ അഭിനയ ജീവിതത്തിലെ തിരക്കുകളിൽനിന്നും മനസിനെ അലട്ടുന്ന ആശങ്കകളിൽനിന്നും വിട്ടുനിന്ന് ശാന്തിതേടി ഇന്ത്യയിൽ എത്തി.
വിനോദസഞ്ചാരിയായല്ല, മറിച്ച് ആത്മീയജ്ഞാനം തേടുന്ന തീർഥാടകനായാണ് താൻ ഇന്ത്യയിലെത്തിയതെന്നാണ് ടൈറീസ് വ്യക്തമാക്കി. മുംബൈയിലെ പ്രശസ്ത ക്ഷേത്രം സന്ദർശിച്ച താരം, അവിടെ ഗണേശവിഗ്രഹത്തിൽ പാലഭിഷേകം നടത്തുന്നതിന്റെയും ആരതി ഉഴിയുന്നതിന്റെയും ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കരിയറിലെ വലിയ തിരക്കുകൾക്കിടയിലും ധ്യാനം, പുണ്യയിടങ്ങളിലെ സന്ദർശനങ്ങൾ എന്നിവയിലൂടെ മാനസികാരോഗ്യം വീണ്ടെടുക്കുകയാണ് തന്റെ ഈ യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ടൈറീസ് പറഞ്ഞു. മനസിനും ശരീരത്തിനും ആത്മാവിനും യഥാർഥ സമാധാനം കണ്ടെത്താനുള്ള ജീവിതകാലം നീളുന്ന യാത്രയുടെ തുടക്കമാണിതെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ ഇന്ത്യൻ യാത്രയെക്കുറിച്ച് വികാരധീനനായി സംസാരിച്ച ടൈറീസ് ഗിബ്സൺ, ഡോ. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയിറിന്റെ 1959-ലെ ഇന്ത്യൻ സന്ദർശനത്തെയും ഈ അവസരത്തിൽ അനുസ്മരിച്ചു. അന്ന് മാർട്ടിൻ ലൂഥർ കിംഗ് ഇന്ത്യയിലെത്തിയത് ഒരു വിനോദസഞ്ചാരിയായട്ടല്ല, മറിച്ച് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഒരു തീർഥാടകനായിട്ടായിരുന്നു. യേശുക്രിസ്തു തനിക്ക് സ്നേഹത്തിന്റെ വഴി കാണിച്ചുതന്നപ്പോൾ, ആ സ്നേഹം എങ്ങനെ പ്രാവർത്തികമാക്കാമെന്ന് കാണിച്ചുതന്നത് ഗാന്ധിജിയാണെന്ന് മാർട്ടിൻ ലൂഥർ കിംഗ് പറഞ്ഞിട്ടുണ്ട്. ആ ചരിത്രയാത്രയെപ്പോലെ സ്വന്തം ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തുന്ന ഒന്നാണ് ഇന്ത്യൻ സന്ദർശനമെന്ന് ടൈറീസ് വിശ്വസിക്കുന്നു.
കുട്ടിക്കാലം തൊട്ടുള്ള സുഹൃത്തായ കെനിയാറ്റയും ടൈറീസിനൊപ്പമുണ്ട്. ഇരുവർക്കും എട്ട് വയസുള്ളപ്പോൾ തുടങ്ങിയ സൗഹൃദമാണിത്. ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രതിസന്ധി ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും തനിക്ക് തണലാവുകയും ചെയ്തത് കെനിയാറ്റയും കുടുംബവുമാണെന്ന് താരം പറഞ്ഞു. ഇന്ത്യ നൽകിയ മാനസികോന്മേഷവും പുതിയ ചിന്തകളും തന്റെ വ്യക്തിജീവിതത്തിലും വരാനിരിക്കുന്ന സിനിമകളിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ടൈറീസ് കൂട്ടിച്ചേർത്തു. യാത്രയിൽ തനിക്ക് ലഭിച്ച സ്നേഹനിർഭരമായ സ്വീകരണത്തിന് അദ്ദേഹം മുംബൈയിലെ പ്രാദേശിക കൂട്ടായ്മകളോടുള്ള നന്ദിയും അറിയിച്ചു.
ആത്മീയ യാത്രയിലാണെങ്കിലും വന്പൻ പ്രോജക്റ്റുകളാണ് ടൈറീസിനായി അണിയറയിൽ ഒരുങ്ങുന്നത്. ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് ഫ്രാഞ്ചൈസിയുടെ അവസാന ഭാഗമായ ഫാസ്റ്റ് എക്സ്: പാർട്ട് 2 - എന്ന ചിത്രത്തിൽ റോമൻ പിയേഴ്സ് എന്ന തന്റെ ഐക്കോണിക് കഥാപാത്രമായി അദ്ദേഹം വീണ്ടുമെത്തും. ഇതിനുപുറമേ, ഡോണ്ട് ഓപ്പൺ ദി ഡോർ എന്ന ഹൊറർ ത്രില്ലർ, കിൽ കോഡ് എന്ന ആക്ഷൻ ചിത്രം, സ്ട്രെയിറ്റ് ഷോട്ട്, വാമ്പയേഴ്സ് ഓഫ് ദി വെൽവെറ്റ് ലോഞ്ച് തുടങ്ങിയവയും അണിയറയിൽ പുരോഗമിക്കുന്നു.
Movies
ഹോളിവുഡ് മാസ്മരികതയുടെ നൂറു വർഷങ്ങൾ ചുവടുവയ്പുകൾ, വശ്യമായ പുഞ്ചിരി, ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരശൈലി... പ്രേക്ഷകരെ തന്റെ മാസ്മരികവലയത്തിൽ തളച്ചിട്ട മെർലിൻ മൺറോ എന്ന ഹോളിവുഡ് അപ്സരസിന്റെ ജന്മശതാബ്ദി (ജൂൺ- 1) ദിനത്തിൽ വലിയ ആദരവാണ് ലോകം അനശ്വരതാരത്തിനു നൽകിയത്.
സബ്വേ ഗ്രേറ്റിൽ പാറിപ്പറക്കുന്ന ധവളവസ്ത്രവും ആ വശ്യസുന്ദരമായ ചിരിയും ഹോളിവുഡിന്റെ തന്നെ മുഖമുദ്രയായി മാറിയത് ഒരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല. ലോകം ആരാധിച്ച ആ മാസ്മരികരൂപം പ്രകൃതിദത്തവുമായിരുന്നില്ല. മറിച്ച്, കഠിനമായ പരിശ്രമത്തിലൂടെയും വ്യക്തമായ ആസൂത്രണത്തിലൂടെയും രൂപപ്പെടുത്തിയെടുത്ത മികച്ച പെഴ്സണൽ ബ്രാൻഡിങ്- ആയിരുന്നു. ഹോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ആകർഷകമായ മിഥ്യ- എങ്ങനെയാണ് രൂപപ്പെട്ടതെന്നും, അവരുടെ വേർപാട് 63 വർഷം പിന്നിടുന്പോഴും ആ ജാലവിദ്യ- ഇന്നും ജനഹൃദയങ്ങളിൽ നിലനിൽക്കുന്നുവെന്നതും ഹോളിവുഡിലെ മാത്രമല്ല, ലോകസിനിമയിലെതന്നെ അദ്ഭുതമാണ്..!
നോർമ ജീൻ ബാക്കർ എന്ന പെൺകുട്ടിയെ കണ്ടെത്തിയ ഫോട്ടോഗ്രാഫർ
1926 ജൂൺ ഒന്നിന് ലോസ് ആഞ്ചലസിലാണ് മെർലിൻ മൺറോ ജനിച്ചത്. നോർമ ജീൻ ബാക്കർ- എന്നായിരുന്നു അവളുടെ യഥാർഥ പേര്. കടുത്ത മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്ന സ്ത്രീയായിരുന്നു നോർമയുടെ അമ്മ. അതുകൊണ്ട്, കുട്ടിക്കാലം നോർമയ്ക്ക് ദുരിതപൂർണമായിരുന്നു. അനാഥാലയങ്ങളിലും ബന്ധുക്കളുടെ വീടുകളിലുമായി ദുരിതം നിറഞ്ഞതായിരുന്നു ആ നാളുകൾ. ഒടുവിൽ, വീണ്ടുമൊരു അനാഥാലയത്തിലേക്കു പോകേണ്ടി വരുമെന്ന ഭയത്താൽ, തന്റെ പതിനാറാമത്തെ വയസിൽ അയൽക്കാരന്റെ മകനെ അവൾ വിവാഹം കഴിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു വെടിമരുന്ന് നിർമാണശാലയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഒരു ഫോട്ടോഗ്രാഫർ അവളെ അപ്രതീക്ഷിതമായി കണ്ടെത്തുന്നത്. അത് നോർമയുടെ ജീവിതത്തിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു.
ഹോളിവുഡിന്റെ അച്ചിൽ വാർത്തെടുത്ത ബ്ലോണ്ട് ലുക്ക്
മോഡലിംഗ് രംഗത്തേക്കു കടന്നതോടെ നോർമ തന്റെ കറുത്ത മുടി പൂർണമായും ബ്ലോണ്ട് (സ്വർണനിറം) നിറത്തിലേക്ക് മാറ്റി. 1930-കളിലെ പ്രശസ്ത നടി ജീൻ ഹാർലോ ആയിരുന്നു അവളുടെ മാതൃക. 1940-കളിലും 50-കളിലും ഹോളിവുഡ് സ്റ്റുഡിയോകൾ ചില പ്രത്യേക വാർപ്പുമാതൃകകളിലാണ് നടിമാരെ പരുവപ്പെടുത്തിയിരുന്നത്. റീത്ത ഹേവർത്ത്, കിം നൊവാക് തുടങ്ങിയ നടിമാരെപ്പോലെ, മെർലിൻ മൺറോയും ഈ വ്യവസ്ഥിതിയുടെ ഭാഗമായി സ്വയം മാറുകയായിരുന്നു.
മുഖത്തിന്റെ ഭംഗി കൂട്ടാൻ മൂക്കിന്റെ അഗ്രത്തിലും താടിയിലും ചെറിയ ശസ്ത്രക്രിയകൾക്ക് അവർ വിധേയയായിട്ടുണ്ടെന്ന് ജീവചരിത്രങ്ങളിൽ വെളിപ്പെടുത്തുന്നു. യാഥാർഥ്യത്തേക്കാൾ ഹോളിവുഡ് ആവശ്യപ്പെടുന്നത് പൂർണമായ ഒരു മിഥ്യയാണെന്ന് മെർലിൻ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
ഹൃദയം കീഴടക്കിയ ബ്രെത്ത്ലെസ് വോയ്സ്
മെർലിന്റെ പ്രശസ്തമായ ബ്രെത്ത്ലെസ് വോയ്സ് (ശ്വാസമടക്കിപ്പിടിച്ചുള്ള സംസാരം) വെറുമൊരു ഭാവപ്രകടനമായിരുന്നില്ല. കുട്ടിക്കാലം മുതലുണ്ടായിരുന്ന നേരിയ വിക്കിനെ മറികടക്കാൻ അവർ ബോധപൂർവം വികസിപ്പിച്ചെടുത്ത ശൈലിയായിരുന്നു അത്. ഈ തന്ത്രം അവരെ കൂടുതൽ ആകർഷകയാക്കുകയും അതേസമയം നിഷ്കളങ്കയായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാനും സഹായകമായി.
അതുപോലെ തന്നെയായിരുന്നു അവരുടെ നടത്തവും. മുട്ടുകളുടെ ഹൈപ്പർമൊബിലിറ്റി കാരണം മെർലിന്റെ സ്വാഭാവിക നടത്തത്തിന് ചെറിയൊരു മുടന്തുപോലെ തോന്നിച്ചിരുന്നു. എന്നാൽ കഠിനമായ പരിശീലനത്തിലൂടെ ആ പരിമിതിയെ അവർ ലോകത്തെ മയക്കിയ ടൈറ്റ്റോപ്പ് വോക്ക്- ആക്കി മാറ്റി. ശാന്തമായി, ശരീരമാകെ ഇളകിയാടിയുള്ള ആ നടത്തം പിൽക്കാലത്ത് മെർലിന്റെ ഏറ്റവും വലിയ സിഗ്നേച്ചർ- ശൈലിയായി മാറി.
നിഷ്കളങ്കയായ സുന്ദരി
Gentlemen Prefer Blondes (1953), The Seven Year Itch (1955), Some Like It Hot (1959) തുടങ്ങിയചിത്രങ്ങളിലൂടെ മെർലിൻ മൺറോ ലോകമെമ്പാടും ആരാധകരുള്ള സൂപ്പർതാരമായി വളർന്നു. സിനിമകളിൽ എപ്പോഴും നിഷ്കളങ്കയായ സുന്ദരി- എന്ന വേഷം കെട്ടിയാടുമ്പോഴും, ഉള്ളിന്റെയുള്ളിൽ അവർ ആ പ്രതിച്ഛായയിൽനിന്നു പുറത്തുകടക്കാൻ ആഗ്രഹിച്ചിരുന്നു. അഭിനയത്തെ കൂടുതൽ ഗൗരവമായി സമീപിക്കാൻ അവർ പ്രശസ്തമായ ആക്ടേഴ്സ് സ്റ്റുഡിയോയിൽ- ചേർന്ന് മെതേഡ് ആക്ടിംഗ് അഭ്യസിച്ചു. തന്റെ ദുരന്തപൂർണമായ കുട്ടിക്കാല അനുഭവങ്ങളെ കഥാപാത്രങ്ങളിലേക്ക് ആവാഹിക്കാൻ പരിശീലനം അവരെ സഹായിച്ചു. വെറുമൊരു മനോഹര വ്യാവസായിക ഉത്പന്നം- മാത്രമായി ഒതുങ്ങാതെ മികച്ച നടിയായി അംഗീകരിക്കപ്പെടാനായിരുന്നു അവളുടെ ശ്രമം.
ബാഹ്യസൗന്ദര്യത്തിനപ്പുറം വലിയ ബുദ്ധിശക്തിയും വായനാശീലവുമുള്ള സ്ത്രീയായിരുന്നു മെർലിൻ. ജെയിംസ് ജോയ്സ്, ദസ്തയേവ്സ്കി തുടങ്ങിയവരുടെ പുസ്തകങ്ങൾ അവർ ഷൂട്ടിംഗ് സെറ്റുകളിൽ കൂടെക്കരുതുമായിരുന്നു. കലയെ സ്നേഹിക്കുകയും രാഷ്ട്രീയമായി ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്ത വ്യക്തിയായിരുന്നു അവർ. ഹോളിവുഡ് സ്റ്റുഡിയോകളുടെ ചൂഷണത്തിനും വാർപ്പുമാതൃകകൾക്കുമെതിരേ പ്രതികരിച്ചുകൊണ്ട് 1955-ൽ അവർ മെർലിൻ മൺറോ പ്രൊഡക്ഷൻസ്- എന്ന പേരിൽ സ്വന്തമായി നിർമാണക്കമ്പനി ആരംഭിച്ചു. സിനിമകളിൽ കൂടുതൽ സർഗാത്മകസ്വാതന്ത്ര്യത്തിനുവേണ്ടി അവർ വമ്പൻ സ്റ്റുഡിയോകളോടു പോരാടിയ ചരിത്രം കൂടി മെർലിനുണ്ട്.
ആരാധകർ എപ്പോഴും അവരെ സുന്ദരിയായി മാത്രം കാണാൻ ആഗ്രഹിച്ചപ്പോൾ, നോർമ എന്ന പച്ചയായ യുവതി അവർക്കുള്ളിലുണ്ടായിരുന്നു. കടുത്ത മാനസിക സംഘർഷങ്ങളും വിഷാദരോഗവും വേട്ടയാടിയ മെർലിൻ, 36-ാം വയസിൽ നിഗൂഢസാഹചര്യത്തിൽ ലോകത്തോടു വിടപറഞ്ഞു. ഇന്ന് ആധുനിക പോപ്പ് താരങ്ങളും ഇൻഫ്ളുവൻസർമാരും ഉപയോഗിക്കുന്ന പെഴ്സണൽ ബ്രാൻഡിംഗ്- എന്നതിന്റെ ആദ്യകാല മാതൃകയായിരുന്നു മെർലിൻ മൺറോ. ഒരു പൊതുവ്യക്തിത്വത്തിന്റെ ബോധപൂർവമായ ിർമിതിയും അതിന്റെ തകർച്ചയും തമ്മിലുള്ള വൈരുധ്യമാണ് മെർലിൻ എന്ന പ്രതിഭാസം. കൃത്രിമമായി അണിയിച്ചൊരുക്കിയ നക്ഷത്രമായിരിക്കുമ്പോൾ തന്നെ, ഇന്നും ലോകസിനിമയിലെ ഏറ്റവും തിളക്കമാർന്ന ഐക്കണായി മെർലിൻ മൺറോ നിലകൊള്ളുന്നു.
ഞാൻ പൂർണമായും യഥാർഥമല്ലെന്നും, മറിച്ച് വളരെ മനോഹരമായി നിർമിക്കപ്പെട്ട വ്യാജവസ്തുവാണെന്നും എനിക്കെപ്പോഴും തോന്നിയിരുന്നു... 1960-ൽ നൽകിയ അഭിമുഖത്തിൽ മെർലിൻ മൺറോ തന്നെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. നടനത്തിനും ജീവിതത്തിനുമിടയിലെ പച്ചയായ യാഥാർഥ്യങ്ങൾ നക്ഷത്രത്തിളത്തിലും ആ യുവതിക്കുള്ളിലുണ്ടായിരുന്നു.
Movies
പതിറ്റാണ്ടുകൾക്കു മുൻപ്, 1912 ഏപ്രിൽ 15-ന്റെ പുലരിയിൽ, വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ അജയ്യമായത് എന്നു വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക് തകർന്നടിഞ്ഞു. 1,500ലേറെ മനുഷ്യജീവനുകൾ ആ തണുത്തുറഞ്ഞ കടലിൽ പൊലിഞ്ഞുപോയിട്ട് 112 വർഷം പിന്നിടുന്നു.
ചരിത്രപുസ്തകങ്ങളിൽ വെറും സംഖ്യകളായി ഒടുങ്ങുമായിരുന്ന മഹാദുരന്തത്തെ ലോകത്തിന്റെ നെഞ്ചിലെ തീരാനോവാക്കി മാറ്റിയത് ജെയിംസ് കാമറൂൺ എന്ന ദാർശനികനായ സംവിധായകന്റെ മാന്ത്രികസ്പർശമാണ്.
ലോകം ആഘോഷിച്ച നമ്മുടെ നാട്ടിൻപുറങ്ങളിലെ കൊട്ടകകളിൽപ്പോലും നിറഞ്ഞസദസിൽ പ്രദർശിപ്പിച്ച, ടൈറ്റാനിക് റിലീസ് ചെയ്തത് 1997ൽ ആണ്.
കാമറൂണിന്റെ അഭ്രകാവ്യം ചരിത്രത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. കപ്പൽ കടലിന്റെ അടിത്തട്ടിലേക്കു തകർന്നടിയുന്പോൾ സിനിമയിലെ ക്ലോക്കിൽ തെളിയുന്ന സമയം പുലർച്ചെ 2.20 ആണ്.
യഥാർഥ ചരിത്രത്തിൽ ടൈറ്റാനിക് മുങ്ങിത്താഴ്ന്ന അതേ നിമിഷം! ചരിത്രപരമായ ഇത്തരം സൂക്ഷ്മതകൾ സിനിമയെ ലോകത്തിന്റെ വികാരമാക്കി മാറ്റി. ജാക്കിന്റെയും റോസിന്റെയും പ്രണയത്തിലൂടെ അന്നു കപ്പലിലുണ്ടായിരുന്ന ഓരോ മനുഷ്യന്റെയും വേദനയും പ്രതീക്ഷയും പ്രേക്ഷകർ തൊട്ടറിഞ്ഞു.
അതേസമയം, ടൈറ്റാനിക്കിലെ ക്ലൈമാക്സ് രംഗം ഇന്നു ചർച്ചയാകാറുണ്ട്. മഞ്ഞുകട്ടകൾക്കിടയിൽ ഒഴുകി നടന്ന ഒരു വാതിൽപ്പാളിയിൽ റോസ് രക്ഷപ്പെടുമ്പോൾ, ജാക്ക് സമുദ്രത്തിന്റെ ആഴങ്ങളിലേക്കു താഴ്ന്നുപോകുന്ന രംഗം ഇന്നും പ്രേക്ഷകരുടെ മനസിൽ നൊന്പരമുണർത്തുന്നതാണ്. ആ തടിക്കഷണത്തിൽ ജാക്കിനു കൂടി സ്ഥലമുണ്ടായിരുന്നില്ലേ? എന്ന ചോദ്യം കാലങ്ങൾക്കിപ്പുറവും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി നിലനിൽക്കുന്നു.
വർഷങ്ങൾക്കു ശേഷം നടി കേറ്റ് വിൻസ്ലെറ്റ് തന്നെ ആ രഹസ്യം പങ്കുവച്ചിരിക്കുന്നു. അത് യഥാർഥത്തിൽ ഒരു വാതിലായിരുന്നില്ല, മറിച്ച് കപ്പലിലെ മനോഹരമായ ഗോവണിയുടെ തകർന്ന ഭാഗമായിരുന്നു. അതിൽ രണ്ടുപേർക്ക് ഇരിക്കാൻ കഴിയുമായിരുന്നോ എന്ന തർക്കം അവിടെ നിൽക്കട്ടെ, ആ മരക്കഷണം കൈവിട്ടുപോയ ജാക്കിന്റെ പ്രണയമാണ് ഇന്നും ടൈറ്റാനിക്കിനെ ജീവനോടെ നിലനിർത്തുന്നത്.
സിനിമയുടെ ഒടുവിൽ, താൻ ജീവിച്ചുതീർത്ത ജീവിതത്തിന്റെ ദുരന്തസ്മരണകളുമായി റോസ് വീണ്ടും ആ കപ്പലിന്റെ പടവുകളിൽ ജാക്കിനെ കണ്ടുമുട്ടുമ്പോൾ, അതു മരണത്തിനു മേൽ ഓർമകൾ നേടുന്ന വിജയമായി മാറുന്നു. 112 വർഷങ്ങൾക്കിപ്പുറവും ടൈറ്റാനിക് എന്ന പേര് കേൾക്കുമ്പോൾ ഓരോരുത്തരുടെയും ഉള്ളിൽ ഒരു കടൽ ഇരമ്പുന്നതിന് ഇതൊക്കെ കാരണമാകാം.
International
ന്യൂയോര്ക്ക്: വിഖ്യാത ഹോളിവുഡ് ആക്ഷന് ഹീറോ ചക്ക് നോറിസ് (86) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങള് ഇന്സ്റ്റഗ്രാമിലൂടെയാണ് മരണവിവരം അറിയിച്ചത്. ഹവായില്വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്ന്ന് മോറിസിനെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ‘ദ ഡെല്റ്റ ഫോഴ്സ്’, ‘മിസിംഗ് ഇന് ആക്ഷന്’ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്.
1972ല് പുറത്തിറങ്ങിയ ‘ദി വേ ഓഫ് ദ ഡ്രാഗണ്’ എന്ന ചലച്ചിത്രത്തില് ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായുള്ള നോറിസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുഹൃത്തായ ബ്രൂസ് ലീയുടെ ക്ഷണപ്രകാരമാണ് നോറിസ് വില്ലന് വേഷം ചെയ്യാനെത്തിയത്. എഴുപതുകളിലും എണ്പതുകളിലും ആക്ഷന് ഹീറോ എന്ന നിലയില് പേരെടുത്തു. ടെലിവിഷന് പരമ്പരകളും ഏറെ ആരാധകരെ നേടിക്കൊടുത്തു.
രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ തരംഗമായ ‘ചക്ക് നോറിസ് ഫാക്ട്സ്’ എന്നറിയപ്പെടുന്ന മീമുകളിലൂടെ യുവതലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ, തോൽപ്പിക്കാൻ കഴിയാത്ത മനുഷ്യനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന മീമുകൾ സമൂഹമാധ്യമങ്ങളിലുണ്ട്.
1940ല് അമേരിക്കയിലെ ഒക്ലഹോമയിലാണ് ചക്ക് നോറിസ് ജനിച്ചത്. കൗമാരകാലത്ത് യുഎസ് വ്യോമസേനയില് അംഗമായി കൊറിയയില് ജോലി ചെയ്യവേയാണ് നോറിസ് ആയോധനകല പരിശീലിച്ചത്. 1960കളില് കരാട്ടെ ചാന്പ്യനായി.
സ്വന്തമായി ഒരു കരാട്ടെ ശൈലി അദ്ദേഹം രൂപവത്കരിച്ചു. ലോക കരാട്ടെ ചാമ്പ്യനായി വിരമിച്ച ശേഷമാണു നോറിസ് അഭിനയത്തിലേക്കു തിരിഞ്ഞത്. തായ്ക്വാൻഡോ, ജൂഡോ, ജിയു ജിറ്റ്സു എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഭാര്യ ജെന ഒ കെല്ലി.
International
ലോസ് ആഞ്ചലസ്: ഹോളിവുഡിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായി പരിഗണിക്കപ്പെടുന്ന റോബർട്ട് ഡുവാൽ (95) അന്തരിച്ചു.
ഗോഡ്ഫാദർ സിനിമയുടെ ഒന്ന്, രണ്ട് ഭാഗങ്ങളിൽ മാഫിയ കുടുംബത്തിന്റെ അഭിഭാഷകനായ ടോം ഹേഗൻ, അപ്പോകാലിപ്സ് നൗ സിനിമയിലെ സൈനികോദ്യോഗസ്ഥൻ എന്നിവ ഏറ്റവും മികച്ച വേഷങ്ങളാണ്. ഏഴു തവണ ഓസ്കറിന് നാമനിർദേശം ചെയ്യപ്പെട്ട അദ്ദേഹം 1983ലെ ടെണ്ടർ മെഴ്സീസ് എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടി.
കലിഫോർണിയയിലെ സാൻഡിയേഗോയിൽ ജനിച്ച ഡുവാൽ അഭിനയം പഠിക്കാനായി ന്യൂയോർക്കിൽ കുടിയേറി. വിഖ്യാത നടൻ ഡസ്റ്റിൻ ഹോഫ്മാൻ, അടുത്തിടെ അന്തരിച്ച ജീൻ ഹാക്മാൻ എന്നിവർ ന്യൂയോർക്കിലെ സഹപാഠികളായിരുന്നു. മൂവരും ആജീവനാന്ത സുഹൃത്തുക്കളുമായിരുന്നു.
International
ലോസ് ഏഞ്ചല്സ്: ലോസ് ഏഞ്ചല്സില് നടന്ന 83-മത് ഗോള്ഡന് ഗ്ലോബ് അവാര്ഡ് ദാന ചടങ്ങില് തിളങ്ങി പോള് തോമസ് ആന്ഡേഴ്സന്റെ 'വണ് ബാറ്റില് ഓവര് അനദർ' തിളങ്ങി. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് ചിത്രം പുരസ്കാരങ്ങള് നേടിയത്. ലിയാനോര്ഡോ ഡികാപ്രിയോ പ്രധാന കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് ഒന്പത് നോമിനേഷനുകളാണ് ലഭിച്ചിരുന്നത്.
ഷേക്സ്പിയറിന്റെ ഭാര്യയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'ഹാംനെറ്റ്', ടെലിവിഷന് വിഭാഗത്തില് 'അഡോളസെന്സ്', 'ദി പിറ്റ്' എന്നീ ചിത്രങ്ങളും നിരവധി അവാര്ഡുകള് നേടി.
സിനിമാ വിഭാഗം
മികച്ച ചലച്ചിത്രം - നാടകം: 'ഹാംനെറ്റ്'
മികച്ച ചലച്ചിത്രം - മ്യൂസിക്കല് അല്ലെങ്കില് കോമഡി: 'വണ് ബാറ്റില് ഓവര് അനദർ'
മികച്ച നടന് - നാടകം: വാഗ്നര് മൗറ, 'ദി സീക്രട്ട് ഏജന്റ്'
മികച്ച നടി - നാടകം: ജെസ്സി ബക്ക്ലി, 'ഹാംനെറ്റ്'
മികച്ച നടന് - കോമഡി/സംഗീതം: തിമോത്തി ഷലമേ, 'മാര്ട്ടി സുപ്രീം'
മികച്ച നടി - കോമഡി/സംഗീതം: റോസ് ബൈര്ൺ, 'ഇഫ് ഐ ഹാഡ് ലെഗ്സ്, ഐ'ഡ് കിക്ക് യു'
മികച്ച സഹനടന്ൻ: സ്റ്റെല്ലന് സ്കാര്സ്ഗാര്ഡ്, 'സെന്റിമെന്റല് വാല്യൂ'
മികച്ച സഹനടി: ടെയാന ടെയ്ലർ, 'വണ് ബാറ്റില് ഓവര് അനദർ'
മികച്ച സംവിധായകന്: പോള് തോമസ് ആന്ഡേഴ്സൺ, 'വണ് ബാറ്റില് ഓവര് അനദർ'
മികച്ച ആനിമേറ്റഡ് ഫീച്ചര് ഫിലിം: 'കെപോപ്പ് ഡീമണ് ഹണ്ടേഴ്സ്'
മികച്ച വിദേശ ഭാഷാ ചിത്രം: 'ദി സീക്രട്ട് ഏജന്റ്'
മികച്ച തിരക്കഥ: പോള് തോമസ് ആന്ഡേഴ്സൺ, 'വണ് ബാറ്റില് ഓവര് അനദർ'
മികച്ച ഒറിജിനല് സ്കോർ: ലുഡ്വിഗ് ഗൊറാന്സണ്, 'സിന്നേഴ്സ്'
മികച്ച ഒറിജിനല് ഗാനം: 'കെപോപ്പ് ഡീമണ് ഹണ്ടേഴ്സ്' എന്ന ചിത്രത്തിലെ 'ഗോള്ഡൻ'
സിനിമാറ്റിക് & ബോക്സ് ഓഫീസ് നേട്ടം: 'സിന്നേഴ്സ്'
ടെലിവിഷന് വിഭാഗം
മികച്ച നാടക പരമ്പര: 'ദി പിറ്റ്'
മികച്ച കോമഡി/സംഗീത പരമ്പര: 'ദി സ്റ്റുഡിയോ'
മികച്ച നടന് - നാടകം: നോഹ വൈൽ, 'ദി പിറ്റ്'
മികച്ച നടി - നാടകം: റിയ സീഹോൺ, 'പ്ലൂറിബസ്'
മികച്ച സഹനടന് - പുരുഷൻ: ഓവന് കൂപ്പര്, 'അഡോളസെന്സ്'
മികച്ച സഹനടി - സ്ത്രീ: എറിന് ഡോഹെര്ട്ടി, 'അഡോളസെന്സ്'
മികച്ച നടന് - കോമഡി/സംഗീതം: സേത്ത് റോജന്, 'ദി സ്റ്റുഡിയോ'
മികച്ച നടി - കോമഡി/സംഗീതം: ജീന് സ്മാര്ട്ട്, 'ഹോക്സ്'
മികച്ച ലിമിറ്റഡ് സീരീസ്/സമാഹാരം/ടിവി സിനിമ: 'അഡോളസെന്സ്'
മികച്ച നടന് - ലിമിറ്റഡ് സീരീസ്: സ്റ്റീഫന് ഗ്രഹാം, 'അഡോളസെന്സ്'
മികച്ച നടി ലിമിറ്റഡ് സീരീസ്: മിഷേല് വില്യംസ്, 'ഡയിംഗ് ഫോര് സെക്സ്'
മികച്ച സ്റ്റാന്ഡ്-അപ്പ് കോമഡി: റിക്കി ഗെര്വൈസ്, 'റിക്കി ഗെര്വൈസ്: മോര്ട്ടാലിറ്റി'
പോഡ്കാസ്റ്റ് വിഭാഗം
മികച്ച പോഡ്കാസ്റ്റ്: 'ഗുഡ് ഹാംഗ് വിത്ത് ആമി പോഹ്ലർ'
Movies
ദി വയര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജെയിംസ് റാൻസണെ (46) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ലോസ് ഏഞ്ചല്സിലെ അദ്ദേഹത്തിന്റെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടത്തിയെന്നാണ് റിപ്പോര്ട്ട്. മാനസിക രോഗവുമായി താൻ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം മുൻപ് ഒരു അഭിമുഖത്തില് വ്യക്തമാക്കിയിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
ദ വയര് എന്ന ചിത്രത്തിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം. 2002 ല് കെന് പാര്ക്ക് എന്ന ചിത്രത്തിലുടെയാണ് സിനിമയിലേയ്ക്കെത്തുന്നത്. സിനിസ്റ്റര്, ദി ബ്ലക്ക് ഫോണ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
International
ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകൻ റോബ് റെയ്നർ (78), ഭാര്യ മിഷേൽ (68) എന്നിവരെ ലോസ് ആഞ്ചലസ് നഗരത്തിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
സെലിബ്രിറ്റികൾ താസമിക്കുന്ന ബ്രെന്റ്വുഡ് മേഖലയിലെ വസതിക്കുള്ളിൽ ഞായറാഴ്ച ഉച്ചയ്ക്കാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല. പോസ്റ്റ്മോർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
പ്രിൻസസ് ബ്രൈഡ്, ദിസ് ഈസ് സ്പൈനൽ ടാപ്, വെൻ ഹാരി മെറ്റ് സള്ളി, മിസെറി, എ ഫ്യൂ ഗുഡ് മെൻ തുടങ്ങിയവയാണു റോബ് റെയ്നർ സംവിധാനം ചെയ്ത പ്രമുഖ സിനിമകൾ.
Movies
ഓസ്കർ പുരസ്കാര ജേതാവായ വിഖ്യാത ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് (89) അന്തരിച്ചു.
യൂട്ടാ സംസ്ഥാനത്തെ പർവതമേഖലയായ സൺഡാൻസിലെ വീട്ടിലായിരുന്നു അന്ത്യം. 1960കളിൽ സിനിമയിലെത്തിയ റെഡ്ഫോർഡ് വൈകാതെ സൂപ്പർ സ്റ്റാറായി ഉയർന്നു.
ലോസ് ആഞ്ചലസിൽ ജനിച്ച റോബർട്ട് റെഡ്ഫോർഡ് 1950കളുടെ അവസാനമാണ് അഭിനയരംഗത്തെത്തിയത്. വാർ ഹണ്ട് ആണ് അരങ്ങേറ്റ ചലച്ചിത്രം. ദ സ്റ്റിംഗ്, ബുച്ച് കാസിഡി ആൻഡ് ദ സണ്ഡാൻഡ് കിഡ്, ദ കാൻഡിഡേറ്റ്, ഓൾ ദ പ്രസിഡന്റ്സ് മെൻ, ദ വേ വീ വെയർ എന്നിവയാണ് ശ്രദ്ധേയ ചലച്ചിത്രങ്ങൾ. 1973ൽ ദ സ്റ്റിംഗ് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ഓസ്കർ നോമിനേഷൻ ലഭിച്ചു.
റെഡ്ഫോർഡ് സംവിധാനം ഓർഡിനറി പീപ്പിൾ എന്ന സിനിമയ്ക്ക് 1980ൽ ഓസ്കർ അവാർഡ് ലഭിച്ചു. മികച്ച സിനിമയായും അതേ വർഷം ഓർഡിനറി പീപ്പിൾ തെരഞ്ഞെടുക്കപ്പെട്ടു. നാല് ഓസ്കർ അവാർഡുകളാണ് ഈ സിനിമയ്ക്കു ലഭിച്ചത്. 2018ൽ പുറത്തിറങ്ങിയ ദി ഓൾഡ് മാൻ ആൻഡ് ദ ഗൺ ആണ് അവസാന ചലച്ചിത്രം
സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി റെഡ്ഫോർഡ് യൂട്ടായിൽ സണ്ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. 2002ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കറും റെഡ്ഫോർഡ് നേടി.
സിബില്ലെ സാഗാർസ് ആണ് റെഡ്ഫോർഡിന്റെ ഭാര്യ. 2009ലാണ് ഇവർ വിവാഹിതരായത്. ആദ്യഭാര്യ ലോല വാൻ വെഗെനേൻ. 1985ൽ ഇവർ വേർപിരിഞ്ഞു.
നാലു മക്കളാണ് റെഡ്ഫോർഡ്-ലോല ദന്പതികൾക്കുള്ളത്. റെഡ്ഫോർഡിന്റെ മകൻ ജയിംസ് 2020ൽ, 58-ാമത്തെ വയസിൽ കാൻസർ മൂലം മരിച്ചു. സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്നു ജയിംസ്.